Tuesday, April 24, 2018

മനസിനെ കോരി തരിപ്പിക്കുന്ന പ്രകൃതിയുടെ മനോഹരിതയുടെ വ്യത്യസ്തമായ പുതിയ മുഖങ്ങള്‍ തേടിയുള്ള യാത്രയില്‍ എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒരു യാത്ര.. രാവിലെ 9 മണിക്കാണ് 4 പേരടങ്ങുന്ന ഞങ്ങളുടെ ചെറിയ സംഘം യാത്ര തുടങ്ങിയത്. വാതോരാതെ സംസാരിക്കുന്ന ബഷീർ ഉള്ളത് കൊണ്ട് യാത്ര ഒരിക്കലും ഞങ്ങൾക്ക് മടുപ്പ് തോന്നിയയില്ല. അടിവാരത്തെ ഹോട്ടലിൽ നിന്ന് തൽക്കാല ശാന്തിക്ക് വേണ്ടി ഓരോ പൊറാട്ടയും ബീഫ് കറിയിൽ മുക്കി കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു. കാഴ്ചകളാല്‍ സമ്പന്നമായ നാടുകാണിയിൽ റോഡിൻറെ അറ്റുകുറ്റ പണി കാരണം വിചാരിച്ച സമയത്ത് എത്തിപ്പെടാൻ പറ്റിയില്ല. ചുരം കയറി ചെന്നപ്പോൾ തമിഴ് നാട് പോലീസ് ചെക്ക് പോസ്റ്റിൽ ബുക്കും പേപ്പറും കാണിച്ചു കൊടുത്ത് വീണ്ടും യാത്ര. ഗൂഡല്ലൂരില്‍നിന്ന് തേയിലക്കാടുകള്‍ പിന്നിട്ട് യൂക്കാലിമരക്കാടിനുള്ളിലൂടെ ഊട്ടി ലക്ഷ്യമാക്കി ഞങ്ങളുടെ വണ്ടി കുതിച്ചു. ഷൂട്ടിംഗ് സ്‌പോട്ട് ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. പല സിനിമകളിലും ഗാനചിത്രീകരണത്തിനായി തെരഞ്ഞെടുത്ത ആകാശം മുട്ടെ കാണുന്ന പുല്‍മേടുകള്‍ ഇവിടെയാണ്. മഞ്ഞുകാലത്തും മഴക്കാലത്തും ഇവിടത്തെ പുല്ലുകള്‍ നല്ല പച്ചപ്പോടെ കാണപ്പെടുന്നു. പൈക്കര ജലാശയത്തിന്റെ വിദൂരകാഴ്ചയും വിപരീതദിശയില്‍ നിരവധി മൊട്ടക്കുന്നുകളും ഇടയില്‍ ഇടതിങ്ങിവളരുന്ന പൈന്‍മരങ്ങളും നല്ല കാഴ്ചയാണ്. ഉച്ചക്ക് 2 മണിക്ക് ഊട്ടിയിൽ. തലഴേരി ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു നേരെ പോയത് കോത്തഗിരിയിലേക്ക്. അത് വഴി കോയമ്പത്തൂരിലേക്ക് ഇറങ്ങലാണ് ഞങ്ങളുടെ പ്ലാൻ. ഊട്ടിപോലെ പ്രശസ്തമല്ലെന്നേയുള്ളു, ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും. ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം. കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി. ഈ വിളിപ്പേര് വെറുതെയൊന്നുമല്ല കോത്തഗിരിക്ക് വന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയാണ് കോത്തഗിരിയിലേതും. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതി ഇവിടെയാണ്. ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍ ഒരുവേള ഊട്ടിയിലേക്കാള്‍ മനോഹരമെന്നും തോന്നിപ്പോകാം. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്. പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും. സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു. കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്. നേരെ കോയമ്പത്തൂരിലേക്ക്. രാത്രി എട്ടിന് brookefields mall. ചെറിയ ഷോപ്പിങ്ങെല്ലാം നടത്തി മാളിനോട് ചാരിയുള്ള വെജിറ്റേറിയൻ Kailash Parbat രാത്രി ഭക്ഷണം. രാത്രി 12 മണിയോടെ വീട്ടിൽ. ഓര്‍മയുടെ യാത്ര കുറിപ്പില്‍ ഒരു പൊന്‍തൂവല്‍ കൂടി. എല്ലാ യാത്രയില്ലെന്ന പോലെ ദൈവമേ നിനക്ക് സര്‍വ സ്തുതിയും..

മനസിനെ കോരി തരിപ്പിക്കുന്ന പ്രകൃതിയുടെ മനോഹരിതയുടെ വ്യത്യസ്തമായ പുതിയ മുഖങ്ങള്‍ തേടിയുള്ള യാത്രയില്‍ എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒരു യാത്ര..

രാവിലെ 9 മണിക്കാണ് 4 പേരടങ്ങുന്ന ഞങ്ങളുടെ ചെറിയ സംഘം യാത്ര തുടങ്ങിയത്. വാതോരാതെ സംസാരിക്കുന്ന ബഷീർ ഉള്ളത് കൊണ്ട് യാത്ര ഒരിക്കലും ഞങ്ങൾക്ക് മടുപ്പ് തോന്നിയയില്ല. അടിവാരത്തെ ഹോട്ടലിൽ നിന്ന് തൽക്കാല ശാന്തിക്ക് വേണ്ടി ഓരോ പൊറാട്ടയും ബീഫ് കറിയിൽ മുക്കി കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു. കാഴ്ചകളാല്‍ സമ്പന്നമായ നാടുകാണിയിൽ റോഡിൻറെ  അറ്റുകുറ്റ പണി കാരണം വിചാരിച്ച സമയത്ത് എത്തിപ്പെടാൻ പറ്റിയില്ല.

ചുരം കയറി ചെന്നപ്പോൾ തമിഴ് നാട് പോലീസ് ചെക്ക് പോസ്റ്റിൽ ബുക്കും പേപ്പറും കാണിച്ചു കൊടുത്ത് വീണ്ടും യാത്ര. ഗൂഡല്ലൂരില്‍നിന്ന് തേയിലക്കാടുകള്‍ പിന്നിട്ട് യൂക്കാലിമരക്കാടിനുള്ളിലൂടെ ഊട്ടി ലക്ഷ്യമാക്കി ഞങ്ങളുടെ വണ്ടി കുതിച്ചു. ഷൂട്ടിംഗ് സ്‌പോട്ട് ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്.  പല സിനിമകളിലും ഗാനചിത്രീകരണത്തിനായി തെരഞ്ഞെടുത്ത ആകാശം മുട്ടെ കാണുന്ന പുല്‍മേടുകള്‍ ഇവിടെയാണ്. മഞ്ഞുകാലത്തും മഴക്കാലത്തും ഇവിടത്തെ പുല്ലുകള്‍ നല്ല പച്ചപ്പോടെ കാണപ്പെടുന്നു. പൈക്കര ജലാശയത്തിന്റെ വിദൂരകാഴ്ചയും വിപരീതദിശയില്‍ നിരവധി മൊട്ടക്കുന്നുകളും ഇടയില്‍ ഇടതിങ്ങിവളരുന്ന പൈന്‍മരങ്ങളും നല്ല കാഴ്ചയാണ്.

ഉച്ചക്ക് 2 മണിക്ക് ഊട്ടിയിൽ. തലഴേരി ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു നേരെ പോയത്



കോത്തഗിരിയിലേക്ക്. അത് വഴി കോയമ്പത്തൂരിലേക്ക് ഇറങ്ങലാണ് ഞങ്ങളുടെ പ്ലാൻ.

ഊട്ടിപോലെ പ്രശസ്തമല്ലെന്നേയുള്ളു, ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും. ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം. കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി. ഈ വിളിപ്പേര് വെറുതെയൊന്നുമല്ല കോത്തഗിരിക്ക് വന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയാണ് കോത്തഗിരിയിലേതും. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതി ഇവിടെയാണ്. ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍ ഒരുവേള ഊട്ടിയിലേക്കാള്‍ മനോഹരമെന്നും തോന്നിപ്പോകാം. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്. പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും.
സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു. കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്.

നേരെ കോയമ്പത്തൂരിലേക്ക്. രാത്രി എട്ടിന് brookefields mall. ചെറിയ ഷോപ്പിങ്ങെല്ലാം നടത്തി മാളിനോട് ചാരിയുള്ള വെജിറ്റേറിയൻ Kailash Parbat രാത്രി ഭക്ഷണം. രാത്രി 12 മണിയോടെ വീട്ടിൽ. ഓര്‍മയുടെ യാത്ര കുറിപ്പില്‍ ഒരു പൊന്‍തൂവല്‍ കൂടി. എല്ലാ യാത്രയില്ലെന്ന പോലെ ദൈവമേ നിനക്ക് സര്‍വ സ്തുതിയും..

Wednesday, March 28, 2018

സ്കൂൾ ഓർമ്മകൾ

ഹൈസ്കൂളിൽ എത്തുന്നതിന് എന്‍റെ വീട്ടിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരമുണ്ട്. ആ കാലത്ത് ബസ്  നന്നേ കുറവായതുകൊണ്ട് ഞങ്ങൾ കുട്ടികൾ എളുപ്പത്തിനായി റെയിലും തോടുകളും പാടവരമ്പുകളും ഒക്കെകൊണ്ടു സമൃദ്ധമായ നാട്ടുവഴികൾ താണ്ടിയാകും സ്കൂളിലേക്കുള്ള യാത്ര. മഴയോടും വെയിലിനോടും കാറ്റിനോടും ഒക്കെ കിന്നാരം പറഞ്ഞുള്ള യാത്രകൾ. ആ യാത്രകൾ സമ്മാനിച്ച ഓർമ്മകൾ എത്ര രസമുള്ളതായിരുന്നു..🌧☀☔

ഏറ്റവും സ്നേഹം നിറഞ്ഞ  ടീച്ചർ മാരെ ഞാൻ കണ്ടിട്ടുള്ളത് അവിടെയാണ്. മൂന്നു വർഷമാണ് അവിടെ പഠിച്ചത്. നാലും അഞ്ചും വര്ഷം പഠിച്ചവരും ഉണ്ടായിരുന്നു കൂട്ടത്തിൽ.  ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ള ഓർമകൾ ഉണ്ട് അവിടെ.

മലയാളം ആയിരുന്നു ഇഷ്ട വിഷയം. മലയാളത്തെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. വീട്ടിൽ പടിക്കെടാ എന്നു പറഞ്ഞു വഴക്കു കേക്കുമ്പോഴൊക്കെ എടുത്തു വായിക്കുന്നത് മലയാളം ആയിരിക്കും. 📚📚

എട്ടാം ക്ലാസ്സിലെ ഇംഗ്ലീഷ് പീരിയേഡിൽ ഞങ്ങളുടെ ക്ലാസ്സിൽ നടന്ന ഒരു കാര്യം ഓർമയിൽ വരുന്നു. അന്ന് ഇംഗ്ലീഷ് തീരെ കൂട്ടിവായിക്കാൻ അറിയാത്തവർ ആയിരുന്നു ഞങ്ങളിൽ കൂടുതൽ പേരും. ക്ലാസ്സിന്റെ തുടക്കത്തിൽ മാഷ് ബോർഡിൽ "EYE" 👀എന്ന് എഴുതി വെച്ചിട്ടുണ്ട്. ക്‌ളാസ്സിനിടയിൽ കൂട്ടത്തിൽ ഒരുത്തനോട് (ആളെ ചോദിക്കരുത് 😀😀)  ബോർഡിൽ എഴുതിയത് വായിക്കാൻ പറഞ്ഞു. അവൻ എണീറ്റ് നിന്ന് "E Y E" എന്ന് ഓരോ അക്ഷരങ്ങളായി വായിച്ചു. മറ്റ് കുട്ടികൾ ചിരിക്കാൻ തുടങ്ങി.  മാഷ് വീണ്ടും കൂട്ടി വായിക്കാൻ പറഞ്ഞു. അവൻ വീണ്ടും പഴയപടി ഓരോ അക്ഷരങ്ങളായി വായിച്ചു. ക്ലാസ്സിൽ കൂട്ടച്ചിരി. പാവം എന്റെ കൂട്ടുകാരൻ "EYE" എന്ന് കൂട്ടി വായിക്കാനറിയാതെ എല്ലാവരുടെയും ചിരി കേട്ട് തല താഴ്ത്തി നിൽക്കുമ്പോൾ, കൂടുതൽ പരിഹസിക്കണ്ട എന്നത് കൊണ്ടാവാം മാഷ് അവന് കൂട്ടിവായിക്കാൻ പറഞ്ഞു കൊടുത്തു. ഇംഗ്ലീഷ് പിരിയഡ് കഴിഞ്ഞു മാഷ്‌പോയപ്പോ പലരും അവനെ സമാധാനിപ്പിച്ചു, എടാ ഞങ്ങൾക്കും അറിയില്ലായിരുന്നു എന്ന്.

അങ്ങിനെ എന്തൊക്കെ രസകരമായ ഓർമ്മകൾ. കാലചക്രം  എത്ര  മുമ്പോട്ട്  തിരിഞ്ഞു. സ്കൂൾ ഓർമ്മകൾ  ഒക്കെ മങ്ങി മാറാല പിടിച്ച ചിത്രങ്ങൾ ആയി മനസ്സിന്‍റെ ഏതോ കോണിൽ ഒളിച്ചിരിപ്പുണ്ട്. അവയെ തിരഞ്ഞു പിടിച്ചു പൊടിയും മാറാലയും തുടച്ചു നോക്കുമ്പോൾ അറിയാതെ ആ ദിനങ്ങളിലേക്ക് പോകുവാൻ മനസ്സ്   ഒന്നു തുടിയ്ക്കും..മനസ്സിനുള്ളില്‍ താലോലിച്ച് കൊണ്ട് നടന്നിരുന്ന കറയറ്റ സൗഹൃദത്തിന്‍റെ ഒരിക്കലുമവസാനിക്കാത്ത തൂവല്‍സ്പര്‍ശം പോലെ...😢

Sunday, October 29, 2017

ഭക്ഷണം പാഴാക്കരുത്

ഏറെ ദുഃഖം തോന്നിയതും അതിലേറെ ചിന്തിക്കാൻ വക നൽകിയതുമായ ഒരു അനുഭവമാണ് ഇന്നലെ രാവിലെ ഉണ്ടായത്.

അൽപ്പം വൈകിയാണ്  റൂമിൽ നിന്നും ജോലിക്ക് പോകാൻ ഇറങ്ങിയത്. റൂമിൽ നിന്നും അഞ്ച് മിനുറ്റ് സമയമാണ് ഓഫീസിലേക്ക് നടക്കാനുള്ള ദൂരം. പാതി വഴി എത്തിയപ്പോൾ തൊട്ടടുത്തുള്ള ബലദിയ പെട്ടിയിൽ (ചവറ്റു കൊട്ട) ഒരു മധ്യവയസ്‌ക്കൻ എന്തോ തിരയുന്നു. അടുത്ത് ചെന്ന് കാര്യം അന്വേഷിച്ചപ്പോൾ പഴയ ഭക്ഷണ സാധനങ്ങൾ വല്ലതും ഉണ്ടോ എന്ന് തിരയുകയാണെന്ന് പറഞ്ഞു.

അയാളോട് പേരും രാജ്യവും ചോദിച്ചു. ഹുസൈൻ ഹലബി സിറിയക്കാരനാണെന്ന് പറഞ്ഞു.  കൂടുതൽ  സംസാരിക്കാൻ നിൽക്കാതെ അയാളെ അടുത്തുള്ള സൂപ്പർമാർകെറ്റിൽ കൂട്ടികൊണ്ടു പോയി വയറു നിറച്ച് ഭക്ഷണം വാങ്ങി കൊടുത്തു. വിശപ്പ് മൂലം അയാൾ ആർത്തിയോടെ ഭക്ഷണം കഴിക്കുന്നത് ഞാൻ നോക്കി നിന്നു.

ഭക്ഷണം കഴിച്ചു കൊണ്ട് കടയുടെ മുന്നിൽ നിൽക്കുമ്പോൾ യുദ്ധം മൂലം അയാളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് അയാൾ മെല്ലെ മനസ്സ് തുറന്നു.  സിറിയയിലെ പേരുകേട്ട ഹോംസ് പട്ടണത്തിനു ഇരുപത്തി അഞ്ച് കിലോമീറ്റെർ അകലെ ഒരു ചെറിയ ഗ്രാമത്തിൽ കൃഷി നടത്തി ഉണ്ടാക്കുന്ന  പച്ചക്കറികൾ വീടിനു മുമ്പിൽ വെച്ച് തന്നെ കച്ചവടം ചെയ്താണ് അയാളും കുടുംബവും ജീവിച്ച് പോന്നിരുന്നത്. ഭാര്യയും 10 വയസ്സായ ഒരു മകളുമായിരുന്നു അയാളുടെ കുടുംബം.

യുദ്ധത്തിൽ ഭാര്യയെയും ഏക മകളെയും നഷ്ടപെട്ട ഇയാൾ ഒരു കൂട്ടുകാരന്റെ സഹായത്തോടെ സൗദിയിലേക്ക് വന്നതാണ്. പല സ്ഥലത്തും ജോലി അന്വേഷിച്ച് നടന്ന ഇയാൾ ജോലി ശരിയാകാതെ കുറേക്കാലം പലരുടെയും ആശ്രയത്തിൽ പലസ്ഥലങ്ങളിലായി ജീവിച്ച പോരുകയാണ്. കുറച്ചു ദിവസമായി തൊട്ടടുത്തുള്ള ഒരു ഫ്‌ളാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന പാകിസ്താനിയുടെ കൂടെയായിരുന്നു. പാകിസ്ഥാനിയുടെ സ്പോൺസർ അറിഞ്ഞാൽ പ്രശ്നമാണെന്ന് പറഞ്ഞപ്പോൾ അവിടെ നിന്നും ഇറങ്ങി.

ജോലിക്ക് പോകാൻ സമയം വൈകിയത് കൊണ്ട്, വിശന്നാൽ ഒരു നേരത്തെ ഭക്ഷണത്തിന് എപ്പോ വേണമെങ്കിലും വിളിക്കാം എന്ന പറഞ്ഞു ടെലിഫോൺ നമ്പർ ഒരു പേപ്പറിൽ എഴുതിക്കൊടുത്തു അയാളോട് യാത്ര പറഞ്ഞു മടങ്ങി.

“ആഹാരം ഒരു ആവശ്യമാണ്. പക്ഷേ, അതിന്മേലുള്ള നിയന്ത്രണം അനിവാര്യമാണ്”  ഗാന്ധിജിയുടെ വാക്കുകൾ എത്ര പ്രസക്തം.

_______________________
അഞ്ചുവയസ്സിന് താഴെയുള്ള 20,000 കുട്ടികള്‍ പ്രതിദിനം വിശന്നുമരിക്കുന്ന ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഏഴുപേരില്‍ ഒരാള്‍ അത്താഴപ്പട്ടിണിക്കാരുമാണ്. ഇതേലോകത്തുതന്നെയാണ് പ്രതിവര്‍ഷം 130 കോടി ടണ്‍ ഭക്ഷണം പാഴാക്കുന്നത്......(കടപ്പാട്: മാതൃഭൂമി)

Wednesday, October 25, 2017

വീണ്ടും കുട്ടികളായി കുന്നക്കാവ് സ്‌കൂളിൽ



1988 എന്ന വര്‍ഷം എത്ര അകലെയാണ്. പക്ഷേ ഒരു നിമിഷംകൊണ്ട് ചരിത്രത്തിലെ ദൂരം അലിഞ്ഞുപോയി. അവര്‍വീണ്ടും കുട്ടികളായി കുന്നക്കാവ് സ്‌കൂളിൽ ഒത്തുകൂടി.

ജീവിതം ഒരു യാത്രയാണ്. ആ യാത്രക്കിടയില്‍ എവിടെയോ വെച്ച് കണ്ടുമുട്ടിയവരാണ് നമ്മള്‍. കണ്ട നിമിഷങ്ങള്‍ക്കും പരിചയപ്പെട്ട മനസ്സിനും നന്ദി. അവിടെവെച്ചാണ് നമ്മള്‍ സഹപാഠികളും കൂട്ടുകാരുമായി മാറിയത്.

ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മ ഏതെന്ന് ചോദിക്കുമ്പോള്‍ അതെന്റെ കലാലയ ജീവിതമാണെന്ന് ഞാനും നീയും ഉത്തരമെഴുതുന്നു. കാലമെത്ര കഴിഞ്ഞാലും ലോകമെത്ര മാറിയാലും പഴയ സ്‌കൂള്‍ മുറ്റവും, വരാന്തയും മറക്കുവാനേ കഴിയില്ല. ഇത് ഞാന്‍ പഠിച്ച സ്‌കൂളാണെന്നും ഇവർ എന്റെ കൂട്ടുകാരനായിരുന്നുവെന്നും ഒരു ഗൃഹാതുരത്വത്തോടെ മനസ്സ് പറഞ്ഞുകൊണ്ടിരിക്കും.

പുതുമഴതുള്ളികള്‍ പുതിയ കുടയില്‍ താളം കൊട്ടിയ ആ നിമിഷം...ജൂണ്‍ മാസത്തിന്റെ ഏതോ ഒരു പുലരിയില്‍ കൂട്ടുക്കാരുമൊത്തു കൈപിടിച്ച് സ്‌കൂളിലേക്ക് പോയ ആ ദിവസം.

ഒരേ ബെഞ്ചിലിരുന്ന് കഥ പറഞ്ഞവര്‍ കാലത്തിന്റെ കല്‍പ്പനയ്ക്കുമുന്നില്‍ പല വഴിക്കുപിരിഞ്ഞാലും ആ നിമിഷങ്ങളത്രയും ഹൃദയത്തിനുള്ളില്‍ എന്നും നിറഞ്ഞുനില്‍പ്പുണ്ടാവും. ഓര്‍മ്മകളുടെ തിരുമുറ്റത്തേക്ക് മടങ്ങിയെത്തുന്നത് ഇന്ന് പതിവു കാഴ്ചയാണ്. ക്ലാസ്‌മേറ്റ്‌സ് സിനിമ പകര്‍ന്നു നല്‍കിയ വികാരം ഓരോ മനസിനേയും പഴയ ക്ലാസ് മുറിയിലേക്കും കൂട്ടുകാരുടെ സ്‌നേഹത്തിലേക്കും തിരികെ വിളിക്കുന്നു
.
ജീവിതത്തിന്റെ അരി തേടി പലരും പലവഴിക്ക് പിരിഞ്ഞിരുന്നു. എത്താന്‍ കഴിയാത്തതിന്റെ നിരാശയിലും അവര്‍ അങ്ങകലെ എവിടെ നിന്നോ മനസ്സുകൊണ്ട് കൂട്ടായ്മയുടെ ഭാഗമായി. വീഡിയോ ക്ലിപ്പിംഗിലൂടെ വോയ്‌സ് മെസേജായി അവര്‍ എത്തിച്ചേരാനാവാത്തതിന്റെ സങ്കടം തീര്‍ത്തു. നാട്ടിലില്ലാത്തവര്‍ വീഡിയോ ക്ലിപ്പിംഗിലൂടെ വര്‍ത്തമാനം പറഞ്ഞപ്പോള്‍ സംഗമത്തിലെ ഓര്‍മ്മകള്‍ക്ക് അതിനേക്കാളേറെ മനോഹാരിതയുണ്ടായിരുന്നു.

ഓര്‍മ്മകള്‍ ഓളങ്ങളായി മാറിയ ഒരു പകലിനൊടുവില്‍ പിരിഞ്ഞുപോകുമ്പോള്‍ പഴയ ഓട്ടോഗ്രാഫിലെഴുതിയ ആ വാചകം അവര്‍ വീണ്ടും ആവര്‍ത്തിച്ചു -മറക്കില്ലൊരിക്കലും...

Monday, February 10, 2014

അൽ വഹബ വിസ്മയം

ജിദ്ദയിൽ നിന്നും ജുമൂം വഴിയാണ് യാത്ര തുടങ്ങിയത്. ജുമൂം കാണുക എന്നതും ധാരാളം സമയം ഉള്ളത് കൊണ്ടുമാണ് ജിദ്ദയിൽ നിന്നും തായിഫിലെക്ക് ഇങ്ങനെ ഒരു വഴി തിരഞ്ഞെടുത്ത്. ഈ വഴിയെ കുറിച്ച് അറിയുന്നവർക്ക് ഇതൊരു അത്ഭുതമായി തോന്നാം എങ്കിലും ഞങ്ങളുടെ യാത്രാ പ്രിയം തന്നെയാണ് ഈ തീരുമാനത്തിന് പിന്നിൽ.

ഞാൻ ഉൾപ്പെടെ നാല് പേരാണ് ഞങ്ങളുടെ ഈ യാത്രയിലെ ചെറു സംഘം. വളരെ പതുക്കെയും  പല തവണ നിർത്തി വിശ്രമിച്ചും പോയതുകൊണ്ട് തന്നെ  തായിഫിൽ എത്തിയപ്പോൾ രാത്രി 11 മണി കഴിഞ്ഞിരുന്നു. നേരേപോയത് ഭക്ഷണം കഴിക്കാൻ ആയിരുന്നു. കബാബും അവുസാലും കൂടെ ചോറും സലാഡും ഓർഡർ ചെയ്തു. അറബികൾ മാത്രമാണ് അവിടെ ഭക്ഷണം കഴിക്കുന്നത്, അതിൽ കൂടുതലും യുവാക്കൾ. ഹോട്ടലിനടുത്തുള്ള ഒരു കെട്ടിടത്തിൽ തന്നെ രണ്ടു മുറികൾ ഉള്ള ഒരു ഫ്ലാറ്റ് തരപ്പെടുത്തിയെടുത്തു. രാവിലെ നേരെത്തെ എണീറ്റ് അൽ വഹബയിലെക്കുള്ള യാത്ര തുടരേണ്ടത് കൊണ്ട് തന്നെ എല്ലാവരും റൂമിൽ എത്തിയ ഉടനെ ഉറങ്ങാൻ കിടന്നു.

രാവിലെ 6:15 ന് മൊബൈലിൽ അലാറം അടിക്കുന്നത് കേട്ടാണ് ഉണർന്നത്. പെട്ടന്ന് പ്രഭാത ക്ര്ത്യങ്ങളും നമസ്ക്കാരവും കഴിഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു. തായിഫിൽ നിന്നും എയർ പോർട്ട്‌ റോഡിലൂടെ 235 കിലോമീറ്റർ ആണ് അൽ വഹബയിലേക്കുള്ള ദൂരം.

തായിഫ് ടൌണ്‍ കഴിഞ്ഞ് മുന്നോട്ട് പോയാൽ രാവിലത്തെ ഭക്ഷണം കിട്ടാൻ പ്രയാസം ആകും എന്ന് ഓർമിപ്പിച്ചപ്പോൾ എല്ലാവരും റോഡിൻറെ ഇരു വശത്തേക്കും നോക്കിയിരിപ്പായി. കുറച്ച്  ദൂരം ചെന്നപ്പോൾ ഒരു ഹോട്ടൽ കണ്ടു. ഫൂൽ, കിബ്ധ, ധാൽ, ശക് ഷൂക, പാകിസ്താനി റൊട്ടി എന്നിവയാണ് അവിടെയുള്ളത്. ഫൂൽ, റൊട്ടി കൂടെ ധാലും കഴിച്ച്  ഞങ്ങൾ പുറത്തിറങ്ങി. പാകിസ്ഥാനി റൊട്ടി ചുടുന്നത്തിന്റെ ഫോട്ടോയും എടുത്ത് ഞങ്ങൾ യാത്ര തുടർന്നു.



പിന്നീടങ്ങോട്ട് വിജനമായ മരുഭൂമിയിലൂടെയുള്ള യാത്രയാണ്. ഈ കാഴ്ചയിൽ പുതുമ ഇല്ലെങ്കിലും,  ജിദ്ദയിൽ തിരക്ക് പിടിച്ച സ്ഥലത്ത് താമസിക്കുന്ന ഞങ്ങൾക്ക് ഇതെപ്പോഴും ഒരാശ്വാസം തന്നെയാണ്. ഗൂഗിൾ മാപിൽ നോക്കിയാണ് യാത്ര. മാപിൽ പ്രതേകിച്ച്  സ്ഥലപ്പേരുകൾ ഒന്നും കാണുന്നില്ല റോഡ്‌ 4420 എന്ന് മാത്രം കാണിക്കുന്നു. സൗദിയിലെ തീരെ വികസനം എത്താത്ത പ്രദേശങ്ങളിലൂടെ ഞങ്ങളുടെ വണ്ടി കുതിച്ച്  പായുന്നു. റോഡിൻറെ ഇരുവശവുമുള്ള  കറെന്റ് കമ്പികളെ പിന്നിലാക്കി ഞങ്ങളുടെ വണ്ടി കുതിക്കുമ്പോൾ വണ്ടിയുടെ പിറകിലെ സീറ്റിൽ വിധൂരതയിലെക്ക് നോക്കി മറ്റൊരു യാത്രയുടെ സന്തോഷത്തിൽ ഞാൻ.

റോഡ്‌ 4420 ൽ  നിന്നും 4252 ലേക്ക് തിരിഞ്ഞാണ് ഞങ്ങൾക്ക് പോകേണ്ടത്. ജുമൂം വഴി വരുന്നവരും ഇവിടെയാണ് തിരിഞ്ഞ് പോകേണ്ടത്. എന്നാൽ 4252 ഞങ്ങളുടെ ശ്രദ്ദയിൽ പെടാത്തത് കാരണം ഞങ്ങൾ  വഴി തെറ്റി കുറച്ച് ദൂരം മുന്നോട്ട് പോയി. ഗൂഗിൾ മാപിലൂടെ വഴി തെറ്റി എന്ന് മനസ്സിലാക്കിയ ഞങ്ങൾ എതിരെ വരുന്ന ഒരു പാകിസ്താനി വണ്ടിക്കാരനെ കൈ കാണിച്ചു നിർത്തി വഴി ചോദിക്കുന്നതിനിടയിൽ അയാളുടെ സ്പോൻസർ വന്ന് വിഷയം തിരക്കുകയും അയാൾ ഞങ്ങൾക്ക് വെക്തമായി വഴി ഒരു പേപ്പറിൽ വരച്ച് തരികയും ചെയ്തു. അറബികൾ പൊതുവെ ക്ഷമ ഇല്ലാത്തവരാണെങ്കിലും വഴി പറഞ്ഞ് തരാൻ അവർ കാട്ടുന്ന ക്ഷമയാണ് അറബികളിൽ ഞാൻ കണ്ട ഏറ്റവും നല്ല ഗുണങ്ങളിൽ എടുത്തു പറയേണ്ടത്.

അറബിക്ക് നന്ദിയും പറഞ്ഞ് വണ്ടി തിരിച്ച് പോരുമ്പോൾ റോഡിനു കുറുകെ ഒട്ടക പുറത്ത് ഒരാൾ.  ഒരു  ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ സന്തോഷത്തോടെ ഒട്ടകത്തെ റോഡിൻറെ വലത് വശത്തേക്ക് മാറ്റി നിർത്തി അയാൾ നിന്ന് തന്നു. ഫോട്ടോ എടുത്ത് കഴിഞ്ഞപ്പോൾ ഒട്ടകപുറത്ത് അയാൾ വീണ്ടും മരുഭൂമിയിലൂടെ യാത്രയായി. മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഇത് പോലെയുള്ള കുറെ ആളുകളെ കാണാറുണ്ട്. ഇവർ എങ്ങിനെ ഈ മരുഭൂമിയിൽ ജീവിക്കുന്നു എന്ന് ചിലപ്പോഴൊക്കെ ഓർത്ത് പോകാറുണ്ട്.


വഴി തെറ്റിയ അവിടെ  തിരിച്ചെത്തിയ ഞങ്ങൾ വണ്ടി നിർത്തി. വഹബയിലെക്ക്  തിരിയുന്ന റോഡിന്റെ അടയാളമായി വെച്ചിട്ടുള്ള ബോർഡിൻറെ ഫോട്ടോ എടുക്കാൻ ഇറങ്ങിയ എനിക്ക് മുൻപേ ഷാഹുലും ഷൌകതും ഉമറും  ബോർഡിന് താഴെ ഫോട്ടോക്ക് പോസ് ചെയ്തു. ബോർഡിൽ  വഹബ എന്ന് കാണില്ല, പകരം Daghabaj, Faydat Al Mislah എന്നീ സ്ഥലങ്ങളുടെ പേരാണ് കാണുക.


ഞങ്ങളുടെ വണ്ടി വീണ്ടും ലക്ഷ്യ സ്ഥാനത്തേക്ക്  യാത്ര തുടർന്നു.  ഇടക്കിടക്ക് ഒട്ടകങ്ങൾ റോഡ്‌ മുറിച്ച് കടക്കുന്നതുകൊണ്ട് ചില സ്ഥലങ്ങളിൽ ഞങ്ങൾക്ക് വണ്ടി നിർത്തേണ്ടി  വന്നു.  മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഒട്ടകങ്ങൾ റോഡ്‌ ക്രോസ് ചെയ്യുമ്പോൾ അപകടങ്ങൾ  പതിവാണ്. യാത്രക്കിടയിൽ ചിലയിടങ്ങളിൽ ചത്ത ഒട്ടകങ്ങളുടെ അവശിഷ്ടങ്ങൾ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.




സമയം ഏകദേശം 11 മണി ആയപോൾ നിമ്രാനും കടന്ന് ഞങ്ങൾ വഹബ ക്രൈറ്റെറിൽ എത്തി.  ക്രൈറ്റെറിന്റെ തൊട്ടടുത്ത്  വരെ ടാർ ചെയ്ത റോഡ്‌ ഉണ്ട്.  പള്ളിയിൽ പോകുന്നതിന് മുൻപ് ക്രൈറ്റെറിൽ ഇറങ്ങാൻ ഉള്ള സമയം ഇല്ലാത്തതുകൊണ്ട് ചുറ്റു ഭാഗവും നടന്ന് കണ്ട് തൽക്കാലം ഞങ്ങൾ തിരിച്ച് പോന്നു.


തൊട്ടടുത്തുള്ള പള്ളിയിൽ നമസ്ക്കാരം കഴിഞ്ഞിറങ്ങിയ ഞങ്ങൾ, നമസ്ക്കാരത്തിന് മുൻപ് കണ്ടു വെച്ച ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഒരു ബംഗ്ലാദേശുകാരൻ നടത്തുന്ന ഹോട്ടൽ ആണ്. ചോറും കോഴി ചുട്ടതും ഓർഡർ ചെയ്തു. അത് മാത്രമാണ് അവിടെയുള്ളത്.



ഭക്ഷണ ശേഷം നേരെ ക്രൈറ്റെറിലേക്ക് പോയി. അവിടെ ഞങ്ങളെ കൂടാതെ മൂന്നു ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് ഇംഗ്ലീഷ്കാരും ഒരു സൌത്ത് ആഫ്രിക്കക്കാരനും. അവർ ജിദ്ദയിലെ ഒരു സ്ഥാപനത്തിലെ ടീച്ചേഴ്സ് ആണ്. അവരു മായി കുറച്ചു നേരം സംസാരിച്ച് ഞങ്ങൾ  ക്രൈറ്റെറിൽ ഇറങ്ങാനുള്ള വഴി യിലേക്ക് ചെന്നു.



ടാറിട്ട റോഡ്‌ അവസാനിക്കുന്ന സ്ഥലത്ത് നിന്നും ഇടത്തോട്ടു പോയാലാണ് ക്രൈറ്റെറിലേക്ക് ഇറങ്ങാനുള്ള വഴി. നാല് പേരുടെയും കയ്യിൽ ആവശ്യത്തിന് വെള്ളവും ഒരു ചെറിയ ഭാഗിൽ മൊബൈലും മറ്റു വില പെട്ട സാധനങ്ങളും എടുത്ത് ഞങ്ങൾ ഇറങ്ങാൻ തുടങ്ങി. കൂർത്ത കല്ലുകൾ നിറഞ്ഞ ചെറിയ നടപ്പാത. വളരെ സൂക്ഷിച്ച് പതുക്കെ വേണം ഇറങ്ങാൻ. ചില സ്ഥലങ്ങളിൽ വളരെ ഇടുങ്ങിയ വഴിയാണ്. അരമണിക്കൂർ കൊണ്ട് ഞങ്ങൾ താഴെ എത്തി. ക്രൈറ്റെറിന്റെ  നടുവിൽ നിൽക്കുമ്പോൾ ഒരു ഫുട്ബാൾ ഗ്രൗണ്ടിൽ നിൽക്കുന്ന പോലെ തോന്നാം. ചുറ്റും ഗാലറിക്ക് പകരം പാറ കൂട്ടങ്ങൾ. ക്രൈറ്റെറിന്റെ അകത്ത് കൂടുതൽ  തണുപ്പൊന്നും തോന്നിയില്ല. പുറത്തെ അതെ കാലാവസ്ഥയാണ് ഞങ്ങൾക്ക് അനുഭവപെട്ടത്‌. ക്രൈറ്റെറിന്റെ അകത്ത് മൊബൈൽ നെറ്റ് വർക്ക്‌ ഉണ്ട്. അര മണിക്കൂർ അവിടെ ചിലവഴിച്ച ഞങ്ങൾ മല തിരിച്ച് കയറാൻ തുടങ്ങി. ഇറങ്ങിയ അത്ര എളുപ്പമായിരുന്നില്ല കയറിപ്പോരാൻ. അത് കൊണ്ട് തന്നെ പലതവണ ശരിക്കും ക്ഷീണിച്ചു. ക്ഷീണം അകറ്റാൻ ഇടക്കിടക്ക് പാറകല്ലുകൾക്കിടയിൽ ഇരുന്ന് ക്ഷീണം  തീർത്താണ് ഞങ്ങൾ കയറിയത്. ശ്വസിക്കാൻ ബുദ്ധി മുട്ടുള്ളവരും, മറ്റു ഹൃദയ സംഭാന്തമായ അസുഖം ഉള്ളവർ ഇറങ്ങാതിരിക്കുന്നതായിരിക്കും നല്ലത്.















മുകളിൽ എത്തിയ ഞങ്ങൾ മുകളിലുള്ള ഇരിപ്പിടത്തിൽ കുറെ സമയം ഇരുന്ന് വിശ്രമിച്ചാണ് ഞങ്ങൾ യാത്ര തുടർന്നത്. ഓർമകളിൽ മറ്റൊരു യാത്രാ അനുഭവം കൂടി ബാകിയാകി മഞ്ഞ് മൂടിയ തായിഫ് ചുരം വഴി ഞങ്ങൾ ജിദ്ദയിലേക്ക് തിരിച്ചു.

ഈ യാത്രക്കുള്ള പ്രചോദനം : Akbar Chaliyar
യാത്രയിലെ നിർദ്ദേശങ്ങൾക്ക് നന്ദി : Salim Ktb & Komban Moosa

Monday, December 23, 2013

വീണ്ടും ഒരു യാത്രാ വിവരണം

ഒരു നീണ്ട യാത്ര കഴിഞ്ഞ് ഉറക്കം എണീറ്റ് കിടക്കയിൽ കിടക്കുമ്പോൾ പോയ വഴികളെല്ലാം മനസ്സിലൂടെ ഓർമ വരുന്നു.  കൂടാതെ യാത്രക്കിടയിൽ ഞങ്ങളുടെ ഇടയിൽ ഉണ്ടായ കൊച്ചു കൊച്ചു തമാശകൾ. എല്ലാം നഷ്ടമായ പോലെ, ഇനി എന്നാണാവോ അടുത്ത യാത്ര ?

ജിദ്ദയിൽ നിന്നും ഒക്ടോബർ 14  വൈകുന്നേരം ഏഴു മണിക്ക് തുടങ്ങിയ യാത്ര അവസാനിച്ചത് 18  രാവിലെ 4 മണിക്കായിരുന്നു. നേരേ പോയത് തായിഫിലേക്ക്. ഹജ്ജ് സമയം ആയതുകൊണ്ട് തായിഫ് റോഡിലേക്ക് കയറാൻ കുറച്ച് പണിപ്പെടേണ്ടി വന്നു. അര മണിക്കൂറിലെ ചുറ്റലിനുശേഷം തായിഫിലെക്കുള്ള ചുരം കയറി തുടങ്ങി.

തായിഫിൽ നിന്നും ഖമിസ് മുശൈത് റോഡിൽ കയറി 40 കിലോമീറ്റെർ പോയി കഴിഞ്ഞപ്പോൾ ആണ് "രാനിയ" എന്ന സ്ഥലത്തേക്ക് തായിഫിൽ നിന്നും റിയാദ് റോഡിലൂടെ ആണ് പോകേണ്ടത് എന്ന് കൂടെയുള്ള കൂട്ടുകാരന്റെ അളിയൻ വിളിച്ചു പറഞ്ഞു തന്നത്. വണ്ടി തിരിച്ച് ഞങ്ങൾ വീണ്ടും തായിഫിലെക്ക് തിരിച്ചു.






തായിഫിൽ നിന്നും 368 കിലോ മീറ്റെർ ദൂരം താണ്ടി രാവിലെ 5 മണിക്ക് രാനിയയിൽ എത്തി.  യാത്ര രാത്രി ആയതുകൊണ്ട് വഴിയിലെ കാഴ്ചകൾ ഒന്നും കാണാൻ കഴിഞ്ഞില്ല. നേരെ ഒരു ഹോട്ടലിൽ മുറിയെടുത്തു. ഹോട്ടലിൽ  റിസെപ്ഷനിൽ ജോലി ചെയ്യുന്നയാൾ പറഞ്ഞതനുസരിച്ച് ഉടനെ അടുത്തുള്ള ഗ്രൌണ്ടിലേക്ക് പെരുന്നാൾ നമസ്ക്കാരത്തിനു പോയി.  നമസ്ക്കാര ശേഷം കുറച്ച് സമയം ഉറങ്ങാൻ കിടന്നു.

ഉറങ്ങി എണീറ്റപ്പോൾ റൂമിൽ കൂടെയുള്ള കൂട്ടുകാരന്റെ രാനിയയിൽ ജോലി ചെയ്യുന്ന അളിയൻ ഞങ്ങളെ കാണാൻ വന്നിരിക്കുന്നു. അയാളുമായി കുറെ സമയം സംസാരിച്ചിരുന്നു. ഉച്ച ഭക്ഷണത്തിന് ഹോട്ടൽ കണ്ടുപിടിക്കാനും രാനിയ അങ്ങാടി കാണിച്ചു തരാനും അളിയൻ  ഞങ്ങളെ ഒരുപാട് സഹായിച്ചു. ഉച്ച ഭക്ഷണം കഴിച്ച് അളിയനോട് യാത്ര പറഞ്ഞ് ഞങ്ങൾ ബിഷയിലെക്കു യാത്ര തിരിച്ചു.

രാനിയയിൽ നിന്നും ബിഷയിലെക്കുള്ള 166 കിലോ മീറ്റർ  ഒന്നര മണിക്കൂർകൊണ്ട് എത്തി. ചെറിയൊരു ടൌണ് ആണ് ബിഷ. സൌദിയുടെ സാമ്പത്തിക അടിത്തറ ബിഷ കണ്ടാൽ തിരിച്ചറിയും. ധാരാളം നിർമ്മാണ ജോലികൾ നടക്കുന്നു. റോഡിനു ഏറു വശവും പൂക്കളും പുല്ലും വെച്ച് നഗരം മോഡി പിടിപ്പിച്ചിരിക്കുന്നു.




പോകുന്ന വഴിയില തന്നെ എന്റെ കമ്പനി നിർമ്മാണ ജോലി ഏറ്റെടുത്ത ബിഷ പോലീസ് സ്റ്റെഷനും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.



വൈകുന്നേരം ഖമിസ് മുശൈതിൽ എതാനുള്ളത് കൊണ്ട് ബിഷയിലെ കാഴ്ചകൾ പെട്ടന്ന് കണ്ടു തീർത്തു. ഖമിസ് മുശൈതിൽ കൂട്ടുകാരന്റെ പന്ത് കളിയുണ്ട്.  കളി കഴിഞ്ഞ് അവനെയും കയറ്റി വേണം ഞങ്ങളുടെ ഖമിസ് മുശൈതിൽ നിന്നുള്ള യാത്ര തുടരാൻ.






രാത്രി കുറെ വൈകിയാണ് പന്ത് കളി തീർന്നത്. കളിക്ക് ശേഷം ഖമിസ് മുശൈതിൽ ജോലി ചെയ്യുന്ന എന്റെ അയൽവാസി ബാബുവിന്റെ റൂമിലാണ് അന്ന് രാത്രി ഉറങ്ങിയത്. ഖമീസ് മുശൈതിലെ പേരുകേട്ട ഹോട്ടലിൽ നിന്നും ഞങ്ങൾക്ക് മന്തി വാങ്ങിയാണ് ബാബു ഞങ്ങളെ സൽക്കരിച്ചത്.




രാവിലെ ബാബുവിനോടും കൂട്ടുകാരോടും യാത്ര പറഞ്ഞ് ഖമിസ് മുശൈതിൽ നിന്നും അബഹ വഴി അൽ സൂതയിലേക്കാണ് ഞങ്ങൾ നേരെ പോയത്. ഖമിസ് മുശൈതിൽ നിന്നും 58 കിലോമീറ്റെർ ആണ് അൽ സൂതയിലേക്ക്. സൗദിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ ഒന്നാണ് അൽ സൂത.  ഈ കാരണം കൊണ്ട് തന്നെയാണ് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതും. അൽ സൂതയിലെ മറ്റൊരു ആകർഷണം രണ്ട് മലകൾക്കിടയിലുള്ള റോപ് വേയാണ്. 80 റിയാൽ ആണ് റോപ് വേയിൽ കയറാനുള്ള ഫീസ്‌.  പെരുന്നാൾ അവതി ആയതുകൊണ്ട്  ധാരാളം സഞ്ചാരികൾ വരിയായി റോപ് വേ യിൽ കയറാൻ നിൽക്കുന്നു. അര മണിക്കൂർ നെരത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ ഊഴമായി. ഒരിക്കൽ കയറിയിട്ടുണ്ടെങ്കിലും ഈ പ്രാവശ്യം കുറച്ച് പേടി തോന്നി. താഴൊട്ട് നോക്കിയാൽ പാറക്കല്ലുകൾ ഉയർന്ന് നില്ക്കുന്ന മലകൾ, മലകൾക്കിടയിൽ മഴക്കാലത്ത് വെള്ളം ഒഴുകുന്ന ഒരു അരുവിയുടെ അടയാളം. 













ഉച്ചക്ക് മൂന്ന് മണി ആയപ്പോഴേക്കും അൽ സൂതയിൽ മഞ്ഞ് പരക്കാൻ തുടങ്ങിയിരുന്നു.

ഞങ്ങൾ യാത്ര അവസാനിച്ചു ജിദ്ദയിലേക്ക് മടങ്ങാൻ ഒരുങ്ങുപോൾ ആണ് എനിക്ക് ജീസാനിലുള്ള ഫർസാൻ ദ്വീപ്‌ ഓർമ്മയിൽ വന്നത്. ഫർസാൻ കൂടി കാണാനുള്ള എന്റെ ആഗ്രഹം പറഞ്ഞപ്പോൾ കൂടെയുള്ളവർ എതിരൊന്നും പറഞ്ഞില്ല.


(അൽ സൂതയിൽ നിന്നും ജീസാനിലെക്കുള്ള യാത്ര വിവരണം സമയം കിട്ടുമ്പോൾ എഴുതാം)