Wednesday, October 25, 2017

വീണ്ടും കുട്ടികളായി കുന്നക്കാവ് സ്‌കൂളിൽ



1988 എന്ന വര്‍ഷം എത്ര അകലെയാണ്. പക്ഷേ ഒരു നിമിഷംകൊണ്ട് ചരിത്രത്തിലെ ദൂരം അലിഞ്ഞുപോയി. അവര്‍വീണ്ടും കുട്ടികളായി കുന്നക്കാവ് സ്‌കൂളിൽ ഒത്തുകൂടി.

ജീവിതം ഒരു യാത്രയാണ്. ആ യാത്രക്കിടയില്‍ എവിടെയോ വെച്ച് കണ്ടുമുട്ടിയവരാണ് നമ്മള്‍. കണ്ട നിമിഷങ്ങള്‍ക്കും പരിചയപ്പെട്ട മനസ്സിനും നന്ദി. അവിടെവെച്ചാണ് നമ്മള്‍ സഹപാഠികളും കൂട്ടുകാരുമായി മാറിയത്.

ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മ ഏതെന്ന് ചോദിക്കുമ്പോള്‍ അതെന്റെ കലാലയ ജീവിതമാണെന്ന് ഞാനും നീയും ഉത്തരമെഴുതുന്നു. കാലമെത്ര കഴിഞ്ഞാലും ലോകമെത്ര മാറിയാലും പഴയ സ്‌കൂള്‍ മുറ്റവും, വരാന്തയും മറക്കുവാനേ കഴിയില്ല. ഇത് ഞാന്‍ പഠിച്ച സ്‌കൂളാണെന്നും ഇവർ എന്റെ കൂട്ടുകാരനായിരുന്നുവെന്നും ഒരു ഗൃഹാതുരത്വത്തോടെ മനസ്സ് പറഞ്ഞുകൊണ്ടിരിക്കും.

പുതുമഴതുള്ളികള്‍ പുതിയ കുടയില്‍ താളം കൊട്ടിയ ആ നിമിഷം...ജൂണ്‍ മാസത്തിന്റെ ഏതോ ഒരു പുലരിയില്‍ കൂട്ടുക്കാരുമൊത്തു കൈപിടിച്ച് സ്‌കൂളിലേക്ക് പോയ ആ ദിവസം.

ഒരേ ബെഞ്ചിലിരുന്ന് കഥ പറഞ്ഞവര്‍ കാലത്തിന്റെ കല്‍പ്പനയ്ക്കുമുന്നില്‍ പല വഴിക്കുപിരിഞ്ഞാലും ആ നിമിഷങ്ങളത്രയും ഹൃദയത്തിനുള്ളില്‍ എന്നും നിറഞ്ഞുനില്‍പ്പുണ്ടാവും. ഓര്‍മ്മകളുടെ തിരുമുറ്റത്തേക്ക് മടങ്ങിയെത്തുന്നത് ഇന്ന് പതിവു കാഴ്ചയാണ്. ക്ലാസ്‌മേറ്റ്‌സ് സിനിമ പകര്‍ന്നു നല്‍കിയ വികാരം ഓരോ മനസിനേയും പഴയ ക്ലാസ് മുറിയിലേക്കും കൂട്ടുകാരുടെ സ്‌നേഹത്തിലേക്കും തിരികെ വിളിക്കുന്നു
.
ജീവിതത്തിന്റെ അരി തേടി പലരും പലവഴിക്ക് പിരിഞ്ഞിരുന്നു. എത്താന്‍ കഴിയാത്തതിന്റെ നിരാശയിലും അവര്‍ അങ്ങകലെ എവിടെ നിന്നോ മനസ്സുകൊണ്ട് കൂട്ടായ്മയുടെ ഭാഗമായി. വീഡിയോ ക്ലിപ്പിംഗിലൂടെ വോയ്‌സ് മെസേജായി അവര്‍ എത്തിച്ചേരാനാവാത്തതിന്റെ സങ്കടം തീര്‍ത്തു. നാട്ടിലില്ലാത്തവര്‍ വീഡിയോ ക്ലിപ്പിംഗിലൂടെ വര്‍ത്തമാനം പറഞ്ഞപ്പോള്‍ സംഗമത്തിലെ ഓര്‍മ്മകള്‍ക്ക് അതിനേക്കാളേറെ മനോഹാരിതയുണ്ടായിരുന്നു.

ഓര്‍മ്മകള്‍ ഓളങ്ങളായി മാറിയ ഒരു പകലിനൊടുവില്‍ പിരിഞ്ഞുപോകുമ്പോള്‍ പഴയ ഓട്ടോഗ്രാഫിലെഴുതിയ ആ വാചകം അവര്‍ വീണ്ടും ആവര്‍ത്തിച്ചു -മറക്കില്ലൊരിക്കലും...

No comments:

Post a Comment