Sunday, October 29, 2017

ഭക്ഷണം പാഴാക്കരുത്

ഏറെ ദുഃഖം തോന്നിയതും അതിലേറെ ചിന്തിക്കാൻ വക നൽകിയതുമായ ഒരു അനുഭവമാണ് ഇന്നലെ രാവിലെ ഉണ്ടായത്.

അൽപ്പം വൈകിയാണ്  റൂമിൽ നിന്നും ജോലിക്ക് പോകാൻ ഇറങ്ങിയത്. റൂമിൽ നിന്നും അഞ്ച് മിനുറ്റ് സമയമാണ് ഓഫീസിലേക്ക് നടക്കാനുള്ള ദൂരം. പാതി വഴി എത്തിയപ്പോൾ തൊട്ടടുത്തുള്ള ബലദിയ പെട്ടിയിൽ (ചവറ്റു കൊട്ട) ഒരു മധ്യവയസ്‌ക്കൻ എന്തോ തിരയുന്നു. അടുത്ത് ചെന്ന് കാര്യം അന്വേഷിച്ചപ്പോൾ പഴയ ഭക്ഷണ സാധനങ്ങൾ വല്ലതും ഉണ്ടോ എന്ന് തിരയുകയാണെന്ന് പറഞ്ഞു.

അയാളോട് പേരും രാജ്യവും ചോദിച്ചു. ഹുസൈൻ ഹലബി സിറിയക്കാരനാണെന്ന് പറഞ്ഞു.  കൂടുതൽ  സംസാരിക്കാൻ നിൽക്കാതെ അയാളെ അടുത്തുള്ള സൂപ്പർമാർകെറ്റിൽ കൂട്ടികൊണ്ടു പോയി വയറു നിറച്ച് ഭക്ഷണം വാങ്ങി കൊടുത്തു. വിശപ്പ് മൂലം അയാൾ ആർത്തിയോടെ ഭക്ഷണം കഴിക്കുന്നത് ഞാൻ നോക്കി നിന്നു.

ഭക്ഷണം കഴിച്ചു കൊണ്ട് കടയുടെ മുന്നിൽ നിൽക്കുമ്പോൾ യുദ്ധം മൂലം അയാളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് അയാൾ മെല്ലെ മനസ്സ് തുറന്നു.  സിറിയയിലെ പേരുകേട്ട ഹോംസ് പട്ടണത്തിനു ഇരുപത്തി അഞ്ച് കിലോമീറ്റെർ അകലെ ഒരു ചെറിയ ഗ്രാമത്തിൽ കൃഷി നടത്തി ഉണ്ടാക്കുന്ന  പച്ചക്കറികൾ വീടിനു മുമ്പിൽ വെച്ച് തന്നെ കച്ചവടം ചെയ്താണ് അയാളും കുടുംബവും ജീവിച്ച് പോന്നിരുന്നത്. ഭാര്യയും 10 വയസ്സായ ഒരു മകളുമായിരുന്നു അയാളുടെ കുടുംബം.

യുദ്ധത്തിൽ ഭാര്യയെയും ഏക മകളെയും നഷ്ടപെട്ട ഇയാൾ ഒരു കൂട്ടുകാരന്റെ സഹായത്തോടെ സൗദിയിലേക്ക് വന്നതാണ്. പല സ്ഥലത്തും ജോലി അന്വേഷിച്ച് നടന്ന ഇയാൾ ജോലി ശരിയാകാതെ കുറേക്കാലം പലരുടെയും ആശ്രയത്തിൽ പലസ്ഥലങ്ങളിലായി ജീവിച്ച പോരുകയാണ്. കുറച്ചു ദിവസമായി തൊട്ടടുത്തുള്ള ഒരു ഫ്‌ളാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന പാകിസ്താനിയുടെ കൂടെയായിരുന്നു. പാകിസ്ഥാനിയുടെ സ്പോൺസർ അറിഞ്ഞാൽ പ്രശ്നമാണെന്ന് പറഞ്ഞപ്പോൾ അവിടെ നിന്നും ഇറങ്ങി.

ജോലിക്ക് പോകാൻ സമയം വൈകിയത് കൊണ്ട്, വിശന്നാൽ ഒരു നേരത്തെ ഭക്ഷണത്തിന് എപ്പോ വേണമെങ്കിലും വിളിക്കാം എന്ന പറഞ്ഞു ടെലിഫോൺ നമ്പർ ഒരു പേപ്പറിൽ എഴുതിക്കൊടുത്തു അയാളോട് യാത്ര പറഞ്ഞു മടങ്ങി.

“ആഹാരം ഒരു ആവശ്യമാണ്. പക്ഷേ, അതിന്മേലുള്ള നിയന്ത്രണം അനിവാര്യമാണ്”  ഗാന്ധിജിയുടെ വാക്കുകൾ എത്ര പ്രസക്തം.

_______________________
അഞ്ചുവയസ്സിന് താഴെയുള്ള 20,000 കുട്ടികള്‍ പ്രതിദിനം വിശന്നുമരിക്കുന്ന ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഏഴുപേരില്‍ ഒരാള്‍ അത്താഴപ്പട്ടിണിക്കാരുമാണ്. ഇതേലോകത്തുതന്നെയാണ് പ്രതിവര്‍ഷം 130 കോടി ടണ്‍ ഭക്ഷണം പാഴാക്കുന്നത്......(കടപ്പാട്: മാതൃഭൂമി)

No comments:

Post a Comment