Saturday, August 31, 2013

റഹെലിയിൽ ഒരു രാത്രി

ഒരു കൂട്ടുകാരന്റെ ജന്മദിന പാർട്ടിക്ക് വില്ല ബുക്ക് ചെയ്യാൻ വേണ്ടിയാ റഹെലിയിലേക്ക് പോയത്.  പോകുമ്പോൾ തന്നെ മുന്തിർ വണ്ടി ഓടിക്കുകയും മൊബൈൽ ഫോണിൽ സംസാരിക്കുകയും ചെയ്യുന്നു.  കുറെ പറഞ്ഞു നോക്കി ഫോണ് വിളി നിർത്താൻ, അവൻ കൂട്ടാക്കിയില്ല. ഒരു വിതം പേടിച്ചു പേടിച്ചു കടലിനടുത്തുള്ള വില്ലക്കടുത്തു എത്തി.  ചെന്നപ്പോൾ വില്ല പുറത്തേക്കു പൂട്ടിയിരിക്കുന്നു.  വില്ലയുടെ കാവൽക്കാരനെ അവന്റെ സ്പോൻസർ പുറത്താക്കിയതോ അല്ലെങ്കിൽ അവൻ ജോലി വേണ്ടെന്നു വെച്ച് പോയതോ ആകാം. എന്തായാലും ഞങ്ങളുടെ പോക്ക് വെറുതെ ആയി.

തിരിച്ചു പോരാൻ നിൽക്കുമ്പോൾ ഞാൻ പറഞ്ഞു സുഹൈർ വണ്ടി ഓടിക്കും, മുന്തിർ പിന്നിൽ ഇരിക്കട്ടേ, എന്നെ പേടിച്ചിട്ടോ എന്തോ (മുന്തിർ കേള്ക്കണ്ട :D :D) അവൻ സമ്മതിച്ചു. സുഹൈർ വണ്ടി ഓട്ടി കുറച്ചു ദൂരം പോന്നപ്പോൾ വണ്ടിയുടെ ടയറിൽ നിന്നും ഒരു വലിയ ശബ്ദം . വണ്ടി പതുക്കെ നിർത്തി ഇറങ്ങി നോക്കി, ടയർ പൊളിഞ്ഞിരിക്കുന്നു. വണ്ടിയുടെ ഡിക്കിൽ നിന്നും സ്റ്റെപ്പിനി ടയറും ടൂൾസും എടുത്തു പുറത്തെടുത്തു. ആ ടയറും ചില ഭാകതൊക്കെ പൊളിഞ്ഞിട്ടുണ്ട്. എന്നാലും വേണ്ടില്ല അടുത്ത പെട്രോൾ പമ്പ് എത്തുവോളം ആ ടയർ ഇട്ടേ  മതിയാകൂ. ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കി പൊട്ടിയ ടയർ അഴിക്കാൻ സ്പാന്നെർ എടുത്തപ്പോൾ എല്ലാവരും മുഖതോട് മുഖം നോക്കുന്നു. ആ സ്പാന്നെർ കൊണ്ട് ടയർ അഴിക്കാൻ പറ്റില്ല. 

ചുറ്റും കൂരാകൂരിരുട്ട്, വിദൂരതിയിലേക്ക് നോക്കുമ്പോൾ എതിർവഷതുനിന്നും ഒരു വണ്ടി ചീറിപാഞ്ഞ് വരുന്നു. ഞങ്ങൾ വണ്ടിക്ക് കൈ കാണിച്ചു, ഒട്ടും വേഗത കുറക്കാതെ ആ വണ്ടി ഞങ്ങളെ കടന്നു പോയി.  കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ കൈകാനിച്ചിട്ടു നിർത്താതെ പോയ വണ്ടി തിരിച്ചു വന്നു ഞങ്ങളുടെ അടുത്ത് നിർത്തി. മുന്തിർ ഞങ്ങളുടെ കയ്യിലുള്ള സ്പാന്നറുമായി വണ്ടിയുടെ അടുത്തേക്ക് ചെല്ലുന്നു. അവന്റെ കയ്യിൽ സ്പാന്നർ കണ്ടിട്ട്പേടിചിട്ടെന്തോ ആവോ അയാൾ ഞങ്ങളെ രൂക്ഷമായി നൊക്കുന്നു. ഞങ്ങൾ വണ്ടിയുടെ അടുത്ത് എത്തിയപ്പോൾ കുഴപ്പക്കാരല്ല എന്ന് മനസ്സിലയിട്ടെന്തോ അയാൾ വണ്ടിയുടെ ചില്ല് താഴ്ത്തി. ഞങ്ങൾ കാര്യം പറഞ്ഞു. അവർ രണ്ട് പേരുണ്ട് വണ്ടിയിൽ, യമനികൾ ആണെന്ന് തോന്നുന്നു. അവരുടെ വണ്ടിയുടെ ടൂൾസ് എടുത്തു തന്നു. ഫോണിന്റെ ഫ്ലാഷ് ലൈറ്റിൽ ഞങ്ങൾ ടയർ മാറ്റി യിട്ടു.  യമനികളോട് നന്ദി പറഞ്ഞപ്പോൾ വേണ്ട, പടചോനോട് ദുആ ചെയ്യാൻ പറഞ്ഞു അവർ പോയി. 

എല്ലാം കഴിഞ്ഞപ്പോൾ ഒരു കോസ്റ്റ് ഗാർഡിന്റെ വണ്ടി ഞങ്ങളുടെ അടുത്ത് നിരത്തി എന്തെകിലും സഹായം വേണമോ എന്ന് ചോദിച്ചു. അവർക്കും നന്ദി പറഞ്ഞു ഞങ്ങൾ അടുത്ത പെട്രോൾ സ്റ്റേഷനിൽ നിന്നും ടയർ മാറ്റിയിട്ട് തിരിച്ചു പോന്നു. 

ഗുണപാഠം: വഴിയിൽ കുടുങ്ങിയാൽ സഹായിക്കാൻ മലയാളിയേക്കാൾ മെച്ചം അറബികൾ തന്നെ


Tuesday, August 27, 2013

ആപ്പിളും ഓറഞ്ചും വിളയുന്ന കാന്തല്ലൂർ

2009 സെപ്റ്റംബർ മാസത്തിൽ ആയിരുന്നു ഞങ്ങളുടെ മൂന്നാർ വഴിയുള്ള കാന്തല്ലൂർ യാത്ര. പ്രഭാത നമസ്ക്കാരം കഴിഞ്ഞ ഉടനെ ഞങ്ങൾ യാത്ര ആരംഭിച്ചു. ബഷീറും ഷൌകത്തും വണ്ടിയിൽ ഉള്ളതുകൊണ്ട് യാത്രയിൽ ഉടനീളം സംസാരിക്കാൻ വിഷയ ദാരിദ്ര്യം അനുഭവപെട്ടില്ല. ഇടക്കൊന്ന് എന്റെ മൊബൈലിൽ ഞാൻ കുറച്ച് ഉറക്കെ പാട്ട് വെച്ചു.  പാട്ട് വെച്ചത് മറ്റുള്ളവർക്ക് ഇഷ്ടപെട്ടില്ല എന്ന് തോന്നുന്നു. അവർ നിർത്താൻ പറഞ്ഞു. യാത്രയിൽ ചെറിയ ശബ്ദത്തിൽ പാട്ട് കേട്ട് പുറത്തെ കാഴ്ചകൾ നോക്കിയിരിക്കൽ എന്നും എനിക്കൊരു ഹരമായിരുന്നു.

കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ കാന്തല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാന്തല്ലൂർ. വിസ്തീർണ്ണം 4842 ഹെക്റ്റർ. കീഴന്തൂർ, മറയൂർ, കൊട്ടകമ്പൂർ, വട്ടവട, കണ്ണൻ ദേവൻ മലകൾ എന്നിവകളാണ് ഈ ഗ്രാമത്തിന്റെ അതിർത്തി പ്രദേശങ്ങൾ. ശൈത്യകാല പച്ചകറികൾ വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നു. ഓറഞ്ച്, ആപ്പിൾ, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ കേരളത്തിൽ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വർഗ്ഗങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു. മൂന്നാറിൽ നിന്ന് ഏകദേശം 50 കിലോമീററർ അകലെയാണ് കാന്തല്ലൂർ. കാന്തല്ലൂരിൽ വിളയുന്ന ആപ്പിൾ പ്രശസ്തമാണ്...


വണ്ടി തൃശ്ശൂരിൽ നിർത്തി ചായ കുടിച്ച് ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. ഉച്ചയായപ്പോഴേക്കും ഞങ്ങൾ മൂന്നാർ കാന്തല്ലൂർ വഴിയിൽ എത്തി.  ഉച്ചയായിട്ടും കോട മൂടിയത് കൊണ്ട് വണ്ടി ഓടിക്കാൻ വളരെ പ്രയാസപെടേണ്ടി വന്നു.  ചിലയിടതെങ്കിലും മുന്നിലുള്ള  വഴി കാണാൻ കഴിയാത്തത് കൊണ്ട് വണ്ടി നിർത്തേണ്ടി വന്നു.  മൂന്നാറിൽ നിന്നും കാന്തല്ലൂരിലെക്കുള്ള 50 കിലോ മീറ്റെർ വളരെ സമയം എടുത്താണ് എത്തിയെങ്കിലും, റോഡിൻറെ ഇരുവശവും ഉള്ള കാഴ്ചകൾ ഒരിക്കലും ഞങ്ങളെ മുഷിപ്പിച്ചില്ല.








കാന്തല്ലൂരിൽ എത്തിയപ്പോൾ ആദ്യം ഞങ്ങൾ അന്വേഷിച്ചത് അവിടുത്തെ പ്രസിദ്ധമായ അപ്പിൾ ഓറഞ്ച് കൃഷിയിടങ്ങൾ ആയിരുന്നു.  ഒരു ട്രാവൽ മാസികയിലെ ഫീച്ചർ വായിച്ചായിരുന്നു അന്ന് ഞങ്ങൾ കാന്തല്ലോരിനെ പറ്റി അറിയുന്നത്.  ആ ഫീച്ചറിൽ അവിടെ വരുന്ന സഞ്ചാരികളെ സ്വീകരിക്കുന്ന ഒരാളെ പറ്റി പറഞ്ഞിരുന്നു.  അയാളുടെ പേര് ഞാൻ ഓര്ക്കുന്നില്ല.  അയാൾ തന്നെ തന്നെയായിരുന്നു ഞങ്ങളെയും സ്വീകരിച്ചത്.  അതുകൊണ്ട് തന്നെ കൂടുതൽ അലയേണ്ടി വന്നില്ല, അയാള് ഞങ്ങളെ ഒരു കൃഷി സ്ഥലത്തേക്ക് നേരിട്ട് കൊണ്ട് പോയി.



കൃഷി സ്ഥലത്തേക്ക് കയറുന്ന വഴിയിൽ ഒരു ചെറിയ വീടുണ്ട്. ആ കൃഷി സ്ഥലത്തിന്റെ ഉടമയും കുടുംബവും അവിടെ തന്നെയാണ് താമസിക്കുന്നത്.    ഓറഞ്ച, മാതള നാരങ്ങ, നെല്ലിക്ക, ബീൻസ്, ബീറ്റ്റൂട്ട് എന്നിവയാണ് അവർ പ്രധാനമായും കൃഷി ചെയ്യുന്നത്.  കൃഷി സ്ഥലത്തേക്ക് ഇറങ്ങുന്ന എന്നോട് അവർ കാലിലെ ചെരിപ്പ് ഊരി വെക്കാൻ പറഞ്ഞു.  അതോടെ എനിക്ക് മനസ്സിലായി അവർ കൃഷിയെ എത്ര സ്നേഹിക്കുന്നുട് എന്ന്.  ചെരിപ്പൂരി ഞാൻ നേരെ ചെന്നത് ഒരു ഓറഞ്ച് മരത്തിന്റെ അടുത്തേക്കായിരുന്നു. ഉടമയുടെ അനുവാദത്തോടെ ഓറഞ്ച് മരത്തിൽ നിന്നും ഒരു ഓറഞ്ച് ഞാൻ പറിച്ചു കഴിച്ചു. ആദ്യമായിയാണ് ഓറഞ്ച് മരം കാണുന്നതും പറിക്കുന്നതും .



മണിക്കൂറുകളോളം ഞങ്ങൾ അവിടെ ചിലവഴിച്ചു.  തിരിച്ചു പോരുമ്പോൾ പറിച്ച ഉടനെ വില്ക്കുന്ന കുറെ ഓറഞ്ചും വാങ്ങിയാണ് ഞങ്ങൾ തിരിച്ചു പോന്നത്.

Sunday, August 25, 2013

കൂട്ടുകാരുമൊത്ത് വാൾപ്പാറയിലേക്ക്

തലേന്ന് രാത്രി എങ്ങോട്ടെങ്കിലും പോകാം എന്ന് ഞാൻ പറഞ്ഞപ്പോൾ തന്നെ  നാസർ പുന്നശ്ശേരി, ഷാഹുൽ പുന്നശ്ശേരി, ഷംസുദ്ദീൻ തെക്കേതിൽ സമ്മതിച്ചിരുന്നു. പറഞ്ഞ പോലെ രാവിലെ 8 മണിക്ക് അവർ വണ്ടിയുമായി വീട്ടു പടിക്കെലെത്തി. രാത്രിയിൽ തിരിച്ചെത്തും എന്ന് ഉറപ്പ് കൊടുത്ത് വീട്ടിൽ നിന്നും ഇറങ്ങി. 

വണ്ടിയിൽ കയറിയപ്പോൾ മൂന്നു പേരോടും കൂടിയായി ഞാൻ ചോദിച്ചു "എങ്ങോട്ടാ പോകുന്നത്". അപ്പോൾ ഷാഹുൽ പുന്നശ്ശേരി ആണ് പറഞ്ഞത് "നമുക്ക് പാലക്കാട് - പൊള്ളാച്ചി വഴി വാൾപാറ പോയി, ഷോളയാർ ഡാം - വാഴച്ചാൽ -അതിരപള്ളി വഴി തിരിച്ചു വരാം"

പാലക്കാട് പൊള്ളാച്ചി റൂട്ട്, റോഡിൽ കൂടുതൽ വാഹനങ്ങൾ ഇല്ല. വണ്ടി കുറച്ചു പോയപ്പോൾ ഒരു കോഫി ഷോപ്പിൽ നിർത്തി. കോഫി കുടിച്ചതിനു ശേഷം മൂത്രം ഒഴിക്കാൻ സ്ഥലം ചോദിച്ചപ്പോൾ കടക്കാരൻ അടുത്തുള്ള തെങ്ങും തോപ്പിലേക്ക് വിരൽ ചൂണ്ടി കാണിച്ചു തന്നു. ഞാൻ കടക്കാരന്റെ മുകത്ത് നോക്കി ഒന്ന് ചിരിച്ച്, വണ്ടിയിൽ നേരത്തെ വാങ്ങി വെച്ച കുപ്പി വള്ളം എടുത്തു തെങ്ങും തോപ്പിലേക്ക് നടന്നു. നാല് പേരും ഓരോ തെങ്ങിന്റെ അടുത്ത് സ്ഥാനം പിടിച്ചു. പരന്നു കിടക്കുന്ന തെങ്ങിൻ തോപ്പിൽ പച്ചപുല്ല് തളിര്തതുകൊണ്ട് ഇടക്കിടക്ക് കാലികൾ മേയുന്നുണ്ട്.

പൊള്ളാച്ചിയിൽ നിന്നും 22 കിലൊമീറ്റെർ കഴിഞ്ഞപ്പോൾ അലിയാർ ഡാം. വണ്ടി നിർത്തി ഞങ്ങൾ ഡാമിന്റെ മുകളിൽ കയറി. ഡാമിന്റെ മുകളിലെത്തിയപ്പോൾ ചുറ്റും നോക്കിയപ്പോൾ വല്ലാത്തൊരു ഭംഗി, മുകളിൽ പച്ച മാങ്ങ അരിഞ്ഞ് മുളക് പൊടിയിട്ടു വിൽക്കുന്നു ഒരു സ്ത്രീ. നാസറിന് അത് വാങ്ങിയെ തീരൂ. മുളക് പൊടി ചേർക്കാതെ ഒരു മാങ്ങ കഷ്ണം ഞാനും കഴിച്ചു. മുകളില നിന്നും നോക്കിയാൽ ഡാമിന്റെ അടിയിലെ ചെറിയ പാർകിൽ കമിതാക്കൾ ഇടവിട്ട് ഇടവിട്ട് ഇരിക്കുന്നു. കുറച്ചു സമയം അവിടെ ചിലവിട്ടു ഞങ്ങൾ യാത്ര തുടങ്ങി.





ആലിയർ ഡാമിനും വാൾപാറക്കും ഇടയിൽ ഒരു ചെറിയ വെള്ള ചാട്ടം ഉണ്ട്. ആണ് പെണ് വെത്യാസം ഇല്ലാതെ വരുന്ന സഞ്ചാരികൾ എല്ലാം ആ വെള്ള ചാട്ടത്തിന്റെ അടിയിൽ നിന്ന് നനയുന്നത് എന്നെ അത്ഭുതപെടുത്തി. അവരുടെ വിശാസത്തിന്റെ ഭാഗമോ എന്തോ? ഞങ്ങൾ ഏതായാലും നനയാൻ തുനിഞ്ഞില്ല.


ഉച്ചയായപ്പോൾ വാൾപാറയിൽ എത്തി. കൂടുതൽ തിരക്കില്ലാത്ത ഒരു ചെറിയ അങ്ങാടി. അവിടെ കാണുന്നവരെല്ലാം ചായ തോട്ടത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ. മണ്സൂണ് ആയതുകൊണ്ട് സഞ്ചാരികൾ വളരെ കുറവായിരുന്നു. നല്ല വിശപ്പ്, ഭക്ഷണം കഴിക്കാനായി ഹോട്ടൽ അന്വേഷിച്ചപ്പോൾ നല്ലൊരു ഹോട്ടൽ കാണിച്ചു തന്നു.



തമിഴ്നാട് സംസ്ഥാനത്തിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയാണ് വാൽപ്പാറ. പശ്ചിമഖട്ട മലനിരകളിലാണ് ഈ മുനിസിപ്പാലിറ്റി.അത് കൊണ്ടു തന്നെ വിവിധ സസ്യ, ജന്തു, പക്ഷി വിഭാഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ പ്രദേശം. സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് ഈ പ്രദേശം. ഭൂരിഭാഗം പ്രദേശങ്ങളും സ്വകാര്യ തോട്ടങ്ങളാണ്. വനഭൂമിയിൽ സന്ദർശകർക്ക് പ്രവേശനമില്ല. കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുമാണ് ദൂരം. അഴിയാറിൽ നിന്ന് വാൽപ്പാറയിലേയ്ക്കുള്ള റോഡിൽ 40 ഹെയർ പിൻ വളവുകളുണ്ട്. തമിഴ്നാട് സർക്കാർ റിസോർട്ടുകളും മറ്റുമുണ്ടാക്കി ഇവിടെ ടൂറിസം വികസിപ്പിക്കാൻ സഹായം ചെയ്യുന്നുണ്ട്. (കടപ്പാട്: വിക്കിപീഡിയ)



കുറച്ച് ദൂരം ചെന്നാൽ ഒരു ചെക്ക് പോസ്റ്റ് ഉണ്ട്. മണ്സൂണ് ആയതുകൊണ്ട് ഉരുൾ പൊട്ടൽ ഉണ്ടെന്നും, ഉരുൾ പൊട്ടലിൽ ചിലഭാഗത്ത് റോഡിൻറെ പകുതി ഒലിച്ചു പോയിട്ടുണ്ടെന്നും അത് കൊണ്ട് വണ്ടി താഴോട്ടു വിടാൻ പറ്റില്ല എന്നും ചെക്ക് പോസ്റ്റിൽ ഇരിക്കുന്ന പോലീസുകാരൻ പറഞ്ഞു. കുറെ നേരം പോലീസുകാരനോട് സംസാരിച്ച് ഞങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ഞങ്ങളെ താഴേക്കു പോകാൻ അനുവദിച്ചു.

ചെക്ക് പോസ്റ്റ് കഴിഞ്ഞു കാട്ടിലേക്ക് എത്തുന്നതിനു മുമ്പുള്ള വഴിയാണ് എന്നെ ഏറ്റവും ആകര്ഷിച്ചത്. ഒരു ഭാഗത്ത് വെള്ളം നിറഞ്ഞു നില്ക്കുന്ന ഒരു തടാകം, മറുഭാഗത്ത് എപ്പോ വേണേലും നിലം പൊത്തും എന്ന് തോന്നിക്കുന്ന വലിയ പാറ കല്ലുകൾ. പാറ കല്ലുകൾക്കിടയിലൂടെ ഇടവിട്ട് ഒഴുകി വരുന്ന നീരുറവകൾ. ഈ വഴി നേരെ എത്തിച്ചേരുന്നത് ഷോളയാർ ഡാമിലെക്കാന്. ഡാമിന്റെ മുകളിൽ കുറച്ചു സഞ്ചാരികൾ ഉണ്ട്. എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിലാണ്.


ഡാം കഴിഞ്ഞു കുറച്ചു ചെന്നാൽ നമ്മൾ എത്തിച്ചേരുന്നത് ഇട തൂർന്ന കാട്ടിനുള്ളിലെക്കാണ് മഴ ഉള്ളതുകൊണ്ട് ചിലയിടത്തൊക്കെ റോഡിൻറെ ഇരു വശവും ഇടിഞ്ഞു വീഴുന്നുട്. അതുകൊണ്ട് തന്നെ വളെരെ പതുക്കെ സൂക്ഷിച്ചു വേണം വണ്ടി ഓടിക്കാൻ. കാടിന്റെ ഉള്ളില നിന്നും പക്ഷികളുടെ ശബ്ദം കാതിലേക് മുഴങ്ങുന്നു. വണ്ടി വീണ്ടും മുന്നോട്ടു നീങ്ങി. കാട്ടിൽ നിന്നും വരുന്ന പല പല ശബ്ദങ്ങൾ ചെവിയോർത്തു ഇരിക്കവേ വണ്ടി പെട്ടന്ന് നിർത്തി. മുന്നിലേക്ക് നോക്കുമ്പോൾ ഒരുൾ പൊട്ടലിൽ റോഡിൻറെ പകുതി ഭാഗം ഒലിച്ചു പോയിട്ടുണ്ട്. പോലീസുകാരൻ ഞങ്ങളെ തടയാനുള്ള കാരണം അപ്പോഴാണ് മനസ്സിലായത്. വളരെ സൂക്ഷിച്ചു വണ്ടി എടുത്ത് അവിടെ നിന്നും ഞങ്ങൾ വാഴച്ചാലിൽ എത്തി.



ചായ കുടിക്കാൻ ഒരു ചെറിയ കടയിൽ കയറി. കടയുടെ അകത്ത് ചിലർ കപ്പയും മീനും കഴിക്കുന്നു. കപ്പയും മീനും കണ്ടപ്പോൾ ഞങ്ങളും കഴിച്ചു. ഡാമിലെ മീൻ ആണെങ്കിലും നല്ല രുചി. ഭക്ഷണത്തിന് ശേഷം വാഴച്ചാലിൽ നിന്നും അതിരപള്ളിയിലേക്ക്. മണ്സൂണ് ആയതുകൊണ്ട് അതിരപള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നു. 

അതിരപ്പളി കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. എന്നും ഓർക്കാൻ നല്ലൊരു പകൽ കൂടി മനസ്സിൽ എഴുതി ചേർത്ത് ഞങ്ങൾ മടങ്ങി