Wednesday, March 28, 2018

സ്കൂൾ ഓർമ്മകൾ

ഹൈസ്കൂളിൽ എത്തുന്നതിന് എന്‍റെ വീട്ടിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരമുണ്ട്. ആ കാലത്ത് ബസ്  നന്നേ കുറവായതുകൊണ്ട് ഞങ്ങൾ കുട്ടികൾ എളുപ്പത്തിനായി റെയിലും തോടുകളും പാടവരമ്പുകളും ഒക്കെകൊണ്ടു സമൃദ്ധമായ നാട്ടുവഴികൾ താണ്ടിയാകും സ്കൂളിലേക്കുള്ള യാത്ര. മഴയോടും വെയിലിനോടും കാറ്റിനോടും ഒക്കെ കിന്നാരം പറഞ്ഞുള്ള യാത്രകൾ. ആ യാത്രകൾ സമ്മാനിച്ച ഓർമ്മകൾ എത്ര രസമുള്ളതായിരുന്നു..🌧☀☔

ഏറ്റവും സ്നേഹം നിറഞ്ഞ  ടീച്ചർ മാരെ ഞാൻ കണ്ടിട്ടുള്ളത് അവിടെയാണ്. മൂന്നു വർഷമാണ് അവിടെ പഠിച്ചത്. നാലും അഞ്ചും വര്ഷം പഠിച്ചവരും ഉണ്ടായിരുന്നു കൂട്ടത്തിൽ.  ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ള ഓർമകൾ ഉണ്ട് അവിടെ.

മലയാളം ആയിരുന്നു ഇഷ്ട വിഷയം. മലയാളത്തെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. വീട്ടിൽ പടിക്കെടാ എന്നു പറഞ്ഞു വഴക്കു കേക്കുമ്പോഴൊക്കെ എടുത്തു വായിക്കുന്നത് മലയാളം ആയിരിക്കും. 📚📚

എട്ടാം ക്ലാസ്സിലെ ഇംഗ്ലീഷ് പീരിയേഡിൽ ഞങ്ങളുടെ ക്ലാസ്സിൽ നടന്ന ഒരു കാര്യം ഓർമയിൽ വരുന്നു. അന്ന് ഇംഗ്ലീഷ് തീരെ കൂട്ടിവായിക്കാൻ അറിയാത്തവർ ആയിരുന്നു ഞങ്ങളിൽ കൂടുതൽ പേരും. ക്ലാസ്സിന്റെ തുടക്കത്തിൽ മാഷ് ബോർഡിൽ "EYE" 👀എന്ന് എഴുതി വെച്ചിട്ടുണ്ട്. ക്‌ളാസ്സിനിടയിൽ കൂട്ടത്തിൽ ഒരുത്തനോട് (ആളെ ചോദിക്കരുത് 😀😀)  ബോർഡിൽ എഴുതിയത് വായിക്കാൻ പറഞ്ഞു. അവൻ എണീറ്റ് നിന്ന് "E Y E" എന്ന് ഓരോ അക്ഷരങ്ങളായി വായിച്ചു. മറ്റ് കുട്ടികൾ ചിരിക്കാൻ തുടങ്ങി.  മാഷ് വീണ്ടും കൂട്ടി വായിക്കാൻ പറഞ്ഞു. അവൻ വീണ്ടും പഴയപടി ഓരോ അക്ഷരങ്ങളായി വായിച്ചു. ക്ലാസ്സിൽ കൂട്ടച്ചിരി. പാവം എന്റെ കൂട്ടുകാരൻ "EYE" എന്ന് കൂട്ടി വായിക്കാനറിയാതെ എല്ലാവരുടെയും ചിരി കേട്ട് തല താഴ്ത്തി നിൽക്കുമ്പോൾ, കൂടുതൽ പരിഹസിക്കണ്ട എന്നത് കൊണ്ടാവാം മാഷ് അവന് കൂട്ടിവായിക്കാൻ പറഞ്ഞു കൊടുത്തു. ഇംഗ്ലീഷ് പിരിയഡ് കഴിഞ്ഞു മാഷ്‌പോയപ്പോ പലരും അവനെ സമാധാനിപ്പിച്ചു, എടാ ഞങ്ങൾക്കും അറിയില്ലായിരുന്നു എന്ന്.

അങ്ങിനെ എന്തൊക്കെ രസകരമായ ഓർമ്മകൾ. കാലചക്രം  എത്ര  മുമ്പോട്ട്  തിരിഞ്ഞു. സ്കൂൾ ഓർമ്മകൾ  ഒക്കെ മങ്ങി മാറാല പിടിച്ച ചിത്രങ്ങൾ ആയി മനസ്സിന്‍റെ ഏതോ കോണിൽ ഒളിച്ചിരിപ്പുണ്ട്. അവയെ തിരഞ്ഞു പിടിച്ചു പൊടിയും മാറാലയും തുടച്ചു നോക്കുമ്പോൾ അറിയാതെ ആ ദിനങ്ങളിലേക്ക് പോകുവാൻ മനസ്സ്   ഒന്നു തുടിയ്ക്കും..മനസ്സിനുള്ളില്‍ താലോലിച്ച് കൊണ്ട് നടന്നിരുന്ന കറയറ്റ സൗഹൃദത്തിന്‍റെ ഒരിക്കലുമവസാനിക്കാത്ത തൂവല്‍സ്പര്‍ശം പോലെ...😢

No comments:

Post a Comment