Monday, February 10, 2014

അൽ വഹബ വിസ്മയം

ജിദ്ദയിൽ നിന്നും ജുമൂം വഴിയാണ് യാത്ര തുടങ്ങിയത്. ജുമൂം കാണുക എന്നതും ധാരാളം സമയം ഉള്ളത് കൊണ്ടുമാണ് ജിദ്ദയിൽ നിന്നും തായിഫിലെക്ക് ഇങ്ങനെ ഒരു വഴി തിരഞ്ഞെടുത്ത്. ഈ വഴിയെ കുറിച്ച് അറിയുന്നവർക്ക് ഇതൊരു അത്ഭുതമായി തോന്നാം എങ്കിലും ഞങ്ങളുടെ യാത്രാ പ്രിയം തന്നെയാണ് ഈ തീരുമാനത്തിന് പിന്നിൽ.

ഞാൻ ഉൾപ്പെടെ നാല് പേരാണ് ഞങ്ങളുടെ ഈ യാത്രയിലെ ചെറു സംഘം. വളരെ പതുക്കെയും  പല തവണ നിർത്തി വിശ്രമിച്ചും പോയതുകൊണ്ട് തന്നെ  തായിഫിൽ എത്തിയപ്പോൾ രാത്രി 11 മണി കഴിഞ്ഞിരുന്നു. നേരേപോയത് ഭക്ഷണം കഴിക്കാൻ ആയിരുന്നു. കബാബും അവുസാലും കൂടെ ചോറും സലാഡും ഓർഡർ ചെയ്തു. അറബികൾ മാത്രമാണ് അവിടെ ഭക്ഷണം കഴിക്കുന്നത്, അതിൽ കൂടുതലും യുവാക്കൾ. ഹോട്ടലിനടുത്തുള്ള ഒരു കെട്ടിടത്തിൽ തന്നെ രണ്ടു മുറികൾ ഉള്ള ഒരു ഫ്ലാറ്റ് തരപ്പെടുത്തിയെടുത്തു. രാവിലെ നേരെത്തെ എണീറ്റ് അൽ വഹബയിലെക്കുള്ള യാത്ര തുടരേണ്ടത് കൊണ്ട് തന്നെ എല്ലാവരും റൂമിൽ എത്തിയ ഉടനെ ഉറങ്ങാൻ കിടന്നു.

രാവിലെ 6:15 ന് മൊബൈലിൽ അലാറം അടിക്കുന്നത് കേട്ടാണ് ഉണർന്നത്. പെട്ടന്ന് പ്രഭാത ക്ര്ത്യങ്ങളും നമസ്ക്കാരവും കഴിഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു. തായിഫിൽ നിന്നും എയർ പോർട്ട്‌ റോഡിലൂടെ 235 കിലോമീറ്റർ ആണ് അൽ വഹബയിലേക്കുള്ള ദൂരം.

തായിഫ് ടൌണ്‍ കഴിഞ്ഞ് മുന്നോട്ട് പോയാൽ രാവിലത്തെ ഭക്ഷണം കിട്ടാൻ പ്രയാസം ആകും എന്ന് ഓർമിപ്പിച്ചപ്പോൾ എല്ലാവരും റോഡിൻറെ ഇരു വശത്തേക്കും നോക്കിയിരിപ്പായി. കുറച്ച്  ദൂരം ചെന്നപ്പോൾ ഒരു ഹോട്ടൽ കണ്ടു. ഫൂൽ, കിബ്ധ, ധാൽ, ശക് ഷൂക, പാകിസ്താനി റൊട്ടി എന്നിവയാണ് അവിടെയുള്ളത്. ഫൂൽ, റൊട്ടി കൂടെ ധാലും കഴിച്ച്  ഞങ്ങൾ പുറത്തിറങ്ങി. പാകിസ്ഥാനി റൊട്ടി ചുടുന്നത്തിന്റെ ഫോട്ടോയും എടുത്ത് ഞങ്ങൾ യാത്ര തുടർന്നു.



പിന്നീടങ്ങോട്ട് വിജനമായ മരുഭൂമിയിലൂടെയുള്ള യാത്രയാണ്. ഈ കാഴ്ചയിൽ പുതുമ ഇല്ലെങ്കിലും,  ജിദ്ദയിൽ തിരക്ക് പിടിച്ച സ്ഥലത്ത് താമസിക്കുന്ന ഞങ്ങൾക്ക് ഇതെപ്പോഴും ഒരാശ്വാസം തന്നെയാണ്. ഗൂഗിൾ മാപിൽ നോക്കിയാണ് യാത്ര. മാപിൽ പ്രതേകിച്ച്  സ്ഥലപ്പേരുകൾ ഒന്നും കാണുന്നില്ല റോഡ്‌ 4420 എന്ന് മാത്രം കാണിക്കുന്നു. സൗദിയിലെ തീരെ വികസനം എത്താത്ത പ്രദേശങ്ങളിലൂടെ ഞങ്ങളുടെ വണ്ടി കുതിച്ച്  പായുന്നു. റോഡിൻറെ ഇരുവശവുമുള്ള  കറെന്റ് കമ്പികളെ പിന്നിലാക്കി ഞങ്ങളുടെ വണ്ടി കുതിക്കുമ്പോൾ വണ്ടിയുടെ പിറകിലെ സീറ്റിൽ വിധൂരതയിലെക്ക് നോക്കി മറ്റൊരു യാത്രയുടെ സന്തോഷത്തിൽ ഞാൻ.

റോഡ്‌ 4420 ൽ  നിന്നും 4252 ലേക്ക് തിരിഞ്ഞാണ് ഞങ്ങൾക്ക് പോകേണ്ടത്. ജുമൂം വഴി വരുന്നവരും ഇവിടെയാണ് തിരിഞ്ഞ് പോകേണ്ടത്. എന്നാൽ 4252 ഞങ്ങളുടെ ശ്രദ്ദയിൽ പെടാത്തത് കാരണം ഞങ്ങൾ  വഴി തെറ്റി കുറച്ച് ദൂരം മുന്നോട്ട് പോയി. ഗൂഗിൾ മാപിലൂടെ വഴി തെറ്റി എന്ന് മനസ്സിലാക്കിയ ഞങ്ങൾ എതിരെ വരുന്ന ഒരു പാകിസ്താനി വണ്ടിക്കാരനെ കൈ കാണിച്ചു നിർത്തി വഴി ചോദിക്കുന്നതിനിടയിൽ അയാളുടെ സ്പോൻസർ വന്ന് വിഷയം തിരക്കുകയും അയാൾ ഞങ്ങൾക്ക് വെക്തമായി വഴി ഒരു പേപ്പറിൽ വരച്ച് തരികയും ചെയ്തു. അറബികൾ പൊതുവെ ക്ഷമ ഇല്ലാത്തവരാണെങ്കിലും വഴി പറഞ്ഞ് തരാൻ അവർ കാട്ടുന്ന ക്ഷമയാണ് അറബികളിൽ ഞാൻ കണ്ട ഏറ്റവും നല്ല ഗുണങ്ങളിൽ എടുത്തു പറയേണ്ടത്.

അറബിക്ക് നന്ദിയും പറഞ്ഞ് വണ്ടി തിരിച്ച് പോരുമ്പോൾ റോഡിനു കുറുകെ ഒട്ടക പുറത്ത് ഒരാൾ.  ഒരു  ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ സന്തോഷത്തോടെ ഒട്ടകത്തെ റോഡിൻറെ വലത് വശത്തേക്ക് മാറ്റി നിർത്തി അയാൾ നിന്ന് തന്നു. ഫോട്ടോ എടുത്ത് കഴിഞ്ഞപ്പോൾ ഒട്ടകപുറത്ത് അയാൾ വീണ്ടും മരുഭൂമിയിലൂടെ യാത്രയായി. മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഇത് പോലെയുള്ള കുറെ ആളുകളെ കാണാറുണ്ട്. ഇവർ എങ്ങിനെ ഈ മരുഭൂമിയിൽ ജീവിക്കുന്നു എന്ന് ചിലപ്പോഴൊക്കെ ഓർത്ത് പോകാറുണ്ട്.


വഴി തെറ്റിയ അവിടെ  തിരിച്ചെത്തിയ ഞങ്ങൾ വണ്ടി നിർത്തി. വഹബയിലെക്ക്  തിരിയുന്ന റോഡിന്റെ അടയാളമായി വെച്ചിട്ടുള്ള ബോർഡിൻറെ ഫോട്ടോ എടുക്കാൻ ഇറങ്ങിയ എനിക്ക് മുൻപേ ഷാഹുലും ഷൌകതും ഉമറും  ബോർഡിന് താഴെ ഫോട്ടോക്ക് പോസ് ചെയ്തു. ബോർഡിൽ  വഹബ എന്ന് കാണില്ല, പകരം Daghabaj, Faydat Al Mislah എന്നീ സ്ഥലങ്ങളുടെ പേരാണ് കാണുക.


ഞങ്ങളുടെ വണ്ടി വീണ്ടും ലക്ഷ്യ സ്ഥാനത്തേക്ക്  യാത്ര തുടർന്നു.  ഇടക്കിടക്ക് ഒട്ടകങ്ങൾ റോഡ്‌ മുറിച്ച് കടക്കുന്നതുകൊണ്ട് ചില സ്ഥലങ്ങളിൽ ഞങ്ങൾക്ക് വണ്ടി നിർത്തേണ്ടി  വന്നു.  മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഒട്ടകങ്ങൾ റോഡ്‌ ക്രോസ് ചെയ്യുമ്പോൾ അപകടങ്ങൾ  പതിവാണ്. യാത്രക്കിടയിൽ ചിലയിടങ്ങളിൽ ചത്ത ഒട്ടകങ്ങളുടെ അവശിഷ്ടങ്ങൾ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.




സമയം ഏകദേശം 11 മണി ആയപോൾ നിമ്രാനും കടന്ന് ഞങ്ങൾ വഹബ ക്രൈറ്റെറിൽ എത്തി.  ക്രൈറ്റെറിന്റെ തൊട്ടടുത്ത്  വരെ ടാർ ചെയ്ത റോഡ്‌ ഉണ്ട്.  പള്ളിയിൽ പോകുന്നതിന് മുൻപ് ക്രൈറ്റെറിൽ ഇറങ്ങാൻ ഉള്ള സമയം ഇല്ലാത്തതുകൊണ്ട് ചുറ്റു ഭാഗവും നടന്ന് കണ്ട് തൽക്കാലം ഞങ്ങൾ തിരിച്ച് പോന്നു.


തൊട്ടടുത്തുള്ള പള്ളിയിൽ നമസ്ക്കാരം കഴിഞ്ഞിറങ്ങിയ ഞങ്ങൾ, നമസ്ക്കാരത്തിന് മുൻപ് കണ്ടു വെച്ച ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഒരു ബംഗ്ലാദേശുകാരൻ നടത്തുന്ന ഹോട്ടൽ ആണ്. ചോറും കോഴി ചുട്ടതും ഓർഡർ ചെയ്തു. അത് മാത്രമാണ് അവിടെയുള്ളത്.



ഭക്ഷണ ശേഷം നേരെ ക്രൈറ്റെറിലേക്ക് പോയി. അവിടെ ഞങ്ങളെ കൂടാതെ മൂന്നു ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് ഇംഗ്ലീഷ്കാരും ഒരു സൌത്ത് ആഫ്രിക്കക്കാരനും. അവർ ജിദ്ദയിലെ ഒരു സ്ഥാപനത്തിലെ ടീച്ചേഴ്സ് ആണ്. അവരു മായി കുറച്ചു നേരം സംസാരിച്ച് ഞങ്ങൾ  ക്രൈറ്റെറിൽ ഇറങ്ങാനുള്ള വഴി യിലേക്ക് ചെന്നു.



ടാറിട്ട റോഡ്‌ അവസാനിക്കുന്ന സ്ഥലത്ത് നിന്നും ഇടത്തോട്ടു പോയാലാണ് ക്രൈറ്റെറിലേക്ക് ഇറങ്ങാനുള്ള വഴി. നാല് പേരുടെയും കയ്യിൽ ആവശ്യത്തിന് വെള്ളവും ഒരു ചെറിയ ഭാഗിൽ മൊബൈലും മറ്റു വില പെട്ട സാധനങ്ങളും എടുത്ത് ഞങ്ങൾ ഇറങ്ങാൻ തുടങ്ങി. കൂർത്ത കല്ലുകൾ നിറഞ്ഞ ചെറിയ നടപ്പാത. വളരെ സൂക്ഷിച്ച് പതുക്കെ വേണം ഇറങ്ങാൻ. ചില സ്ഥലങ്ങളിൽ വളരെ ഇടുങ്ങിയ വഴിയാണ്. അരമണിക്കൂർ കൊണ്ട് ഞങ്ങൾ താഴെ എത്തി. ക്രൈറ്റെറിന്റെ  നടുവിൽ നിൽക്കുമ്പോൾ ഒരു ഫുട്ബാൾ ഗ്രൗണ്ടിൽ നിൽക്കുന്ന പോലെ തോന്നാം. ചുറ്റും ഗാലറിക്ക് പകരം പാറ കൂട്ടങ്ങൾ. ക്രൈറ്റെറിന്റെ അകത്ത് കൂടുതൽ  തണുപ്പൊന്നും തോന്നിയില്ല. പുറത്തെ അതെ കാലാവസ്ഥയാണ് ഞങ്ങൾക്ക് അനുഭവപെട്ടത്‌. ക്രൈറ്റെറിന്റെ അകത്ത് മൊബൈൽ നെറ്റ് വർക്ക്‌ ഉണ്ട്. അര മണിക്കൂർ അവിടെ ചിലവഴിച്ച ഞങ്ങൾ മല തിരിച്ച് കയറാൻ തുടങ്ങി. ഇറങ്ങിയ അത്ര എളുപ്പമായിരുന്നില്ല കയറിപ്പോരാൻ. അത് കൊണ്ട് തന്നെ പലതവണ ശരിക്കും ക്ഷീണിച്ചു. ക്ഷീണം അകറ്റാൻ ഇടക്കിടക്ക് പാറകല്ലുകൾക്കിടയിൽ ഇരുന്ന് ക്ഷീണം  തീർത്താണ് ഞങ്ങൾ കയറിയത്. ശ്വസിക്കാൻ ബുദ്ധി മുട്ടുള്ളവരും, മറ്റു ഹൃദയ സംഭാന്തമായ അസുഖം ഉള്ളവർ ഇറങ്ങാതിരിക്കുന്നതായിരിക്കും നല്ലത്.















മുകളിൽ എത്തിയ ഞങ്ങൾ മുകളിലുള്ള ഇരിപ്പിടത്തിൽ കുറെ സമയം ഇരുന്ന് വിശ്രമിച്ചാണ് ഞങ്ങൾ യാത്ര തുടർന്നത്. ഓർമകളിൽ മറ്റൊരു യാത്രാ അനുഭവം കൂടി ബാകിയാകി മഞ്ഞ് മൂടിയ തായിഫ് ചുരം വഴി ഞങ്ങൾ ജിദ്ദയിലേക്ക് തിരിച്ചു.

ഈ യാത്രക്കുള്ള പ്രചോദനം : Akbar Chaliyar
യാത്രയിലെ നിർദ്ദേശങ്ങൾക്ക് നന്ദി : Salim Ktb & Komban Moosa